ബുധനാഴ്ച കൊട്ടിക്കലാശം; 26ന് കേരളം ബൂത്തിലേക്ക്
Tuesday, April 23, 2024 2:14 PM IST
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്പേ പരസ്യപ്രചാരണം അവസാനിപ്പിച്ചു കൊണ്ടുള്ള കൊട്ടിക്കലാശം ബുധനാഴ്ച. വൈകിട്ട് ആറുവരെയാണ് പരസ്യപ്രചാരണം.
വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലേക്കു നീങ്ങും. അവസാനഘട്ട പ്രചാരണങ്ങളിൽ മുഴുകി പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാർഥികളും.
കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ദുർഭരണവും അഴിമതിയും സ്വജനപക്ഷപാതവുമാണ് യുഡിഎഫ് അവസാനഘട്ടത്തിലും പ്രചാരണ വിഷയമായി ഉയർത്തിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരേയുള്ള മാസപ്പടി കേസും കെ- ഫോണ് അഴിമതി, ക്രമസമാധാനപ്രശ്നങ്ങളും ബോംബ് രാഷ്ട്രീയവും ക്ഷേമപെൻഷനുമൊക്കെയാണ് യുഡിഎഫ് പ്രചാരണ വിഷയമാക്കി നിലനിർത്തിയിരിക്കുന്നത്.
മോദി സർക്കാരിന്റെ ഭരണപരാജയവും സിഎഎയുമാണ് എൽഡിഎഫ് പ്രചാരണയുധമായി ഉയർത്തിക്കാട്ടുന്നത്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് പരമാവധി സീറ്റുകൾ നേടാനുള്ള കഠിനപ്രയത്നത്തിലാണ് എൽഡിഎഫ്. കൂടുതൽ സീറ്റുകൾ നേടാനായില്ലെങ്കിൽ പാർട്ടിയുടെ ദേശീയ പദവി നഷ്ടമാകുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്.
രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കെതിരേ പറഞ്ഞ ആരോപണങ്ങൾ യുഡിഎഫ് ശക്തമായി എല്ലാ മണ്ഡലങ്ങളിലും ഉന്നയിക്കുന്നത് എൽഡിഎഫിന് ക്ഷീണം ചെയ്തുവെന്നാണ് വിലയിരുത്തുന്നത്.
രാഹുലിന് മുഖ്യമന്ത്രി മറുപടി പറഞ്ഞതോടെ മേൽക്കൈ തങ്ങൾ നേടിയെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.
അതേസമയം, തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ എന്നീ മണ്ഡലങ്ങളിൽ ബിജെപി ശക്തമായ മത്സരവും പ്രചാരണവുമാണ് കാഴ്ച വയ്ക്കുന്നത്. തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ വിജയിച്ചേമതിയാകു എന്ന വാശിയോടെയാണ് ബിജെപി പ്രചാരണരംഗത്തുള്ളത്.
എല്ലാ മേഖലകളിലെയും പ്രമുഖരെയും ദേശീയ നേതാക്കളെയും പ്രചാരണത്തിന് ബിജെപി രംഗത്തിറക്കി. കോണ്ഗ്രസിന്റെ താരപ്രചാരകരായി പ്രിയങ്കാഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ളവരാണ് രംഗത്തെത്തിയത്.
എൽഡിഎഫിന് വേണ്ടി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും വൃന്ദാകാരാട്ടും ഉൾപ്പെടെയുള്ള നേതാക്കളും കേരളത്തിലെത്തിയിരുന്നു. വെള്ളിയാഴ്ച പോളിംഗ് ശതമാനം പരമാവധി വർധിപ്പിച്ച് വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ വീഴ്ത്താനുള്ള തന്ത്രങ്ങളാണ് അണിയറയിൽ നേതാക്കൾ നടത്തുന്നത്. അടിയൊഴുക്കുകളും അട്ടിമറിയും ഉണ്ടാകാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.
കേരളം അടക്കം 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ വോട്ടു രേഖപ്പെടുത്തുക. 13 സംസ്ഥാനത്തായി 1,210 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. കർണാടകത്തിൽ 14 മണ്ഡലങ്ങളിലും ആസാമിലെ കരിംഗഞ്ച്, സിൽച്ചാർ, ദാരംഗ് ഉദൽഗുഡി, നാഗോൺ, ദിഫു മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും.
ബിഹാറിൽ കിഷൻഗഞ്ച്, കതിഹാർ, പുർണിയ, ഭഗാൽപുർ, ബാങ്ക, ഛത്തീസ്ഗഢിൽ രാജ്നന്ദഗാവ്, കാങ്കർ, മഹാസമുന്ദ്, മധ്യപ്രദേശിൽ ടിക്കംഗഡ്, ദാമോഹ്, ഖജുരാഹോ, സത്ന, റേവ, ഹോഷംഗബാദ്, ബേതുൽ, മഹാരാഷ്ട്രയിൽ ബുൽദാന, അകോല, അമരാവതി, വാർധ, യവത്മൽ വാഷിം, ഹിംഗോലി, നന്ദഡ്, പർഭാനി മണ്ഡലങ്ങളും 26 ന് പോളിംഗ് ബൂത്തിലെത്തും.
ഔട്ടർ മണിപ്പുർ, ത്രിപുര ഈസ്റ്റ്, രാജസ്ഥാനിൽ ടോങ്ക് സവായ് മധോപുർ, അജ്മീർ, പാലി, ജോധ്പുർ, പാർമർ, ജലോർ, ഉദയ്പുർ, ബൻസ്വാര, ചിറ്റോർഗഡ്, രാജ്സമന്ദ്, ഭിൽവാര, കോട്ട, ബൽവാർ ബാരൻ, ഉത്തർപ്രദേശിൽ അംറോഹ, മീറത്ത്, ബാഗ്പത്, ഗാസിയാബാദ്, ഗൗതംബുദ്ധ നഗർ, ബുലന്ദ്ഷഹർ, അലിഗഢ്, മഥുര, ബംഗാളിൽ ഡാർജിലിംഗ്, റായിഗഡ്, ബലൂർഘട്ട്, ജമ്മു -കാഷ്മീരിൽ ജമ്മു എന്നിവിടങ്ങളിലും 26നാണ് വോട്ടെടുപ്പ്. കലാപബാധിത ഔട്ടർ മണിപ്പുരിലെ 13 മണ്ഡലങ്ങളിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആദ്യജയം കുറിച്ചു. ഗുജറാത്തിലെ സൂറത്തിൽ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി നീലേഷ് കുംഭാനിയുടേയും ഡമ്മി സ്ഥാനാർഥിയുടേയും പത്രിക തള്ളിയിരുന്നു. ബിഎസ്പി സ്ഥാനാർഥിയും മൂന്നു സ്വതന്ത്രരും തിങ്കളാഴ്ച പത്രിക പിൻവലിച്ചതോടെ ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.