ഭാര്യയെ ഉപേക്ഷിച്ചിട്ടും സ്വീകരിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
Saturday, May 18, 2024 7:14 AM IST
പത്തനംതിട്ട: ഭാര്യയുമായി വേർപിരിഞ്ഞിട്ടും തന്നെ സ്വീകരിക്കാത്തതിന്റെ പേരിൽ യുവതി യുവാവിന്റെ വീടിനു തീയിട്ടു. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവച്ച കേസിൽ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
വീട്ടിലുണ്ടായിരുന്ന ബൈക്കും ഇവർ അഗ്നിക്കിരയാക്കി. രാജ്കുമാറും സുനിതയും തമ്മിൽ അടുപ്പത്തിലായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്.
തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. സംഭവത്തിൽ രാജ്കുമാറിന് പരാതി ഇല്ലാതിരുന്നിട്ടും പെരുനാട് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
ഒരു മാസം മുൻപ് രാജ്കുമാറിന്റെ കാറും കത്തിനശിച്ചിരുന്നു. ഈ കേസിലും ഇയാൾ പോലീസിൽ പരാതി നൽകിയിരുന്നില്ല. സുനിതയും രാജ്കുമാറും തമ്മിലുള്ള ബന്ധത്തെ തുടർന്ന് ഇരുവരുടെയും ജീവിതപങ്കാളികളുമായി വിവാഹബന്ധം വേർപിരിഞ്ഞിരുന്നു.