ലണ്ടനിൽ വെടിയേറ്റ 10 വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു
Friday, May 31, 2024 5:05 PM IST
പറവൂർ: ലണ്ടനിൽ മാതാപിതാക്കൾക്കൊപ്പം റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വെടിയേറ്റ മലയാളി ബാലിക ലിസേൽ മരിയ (10) യുടെ നില ഗുരുതരമായി തുടരുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 9.20 ഓടെ ഹാക്നെയിൽ ഡാൾട്ടണിൽ കിംഗ്സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ റസ്റ്ററന്റിൽ മാതാപിതാക്കളായ പറവൂർ ഗോതുരുത്ത് സ്വദേശി ആനത്താഴത്ത് അജീഷിനും വിനയക്കുമൊപ്പം ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സംഭവം. മറ്റു മൂന്നു പേർക്കും വെടിയേറ്റു.
തലയിൽ വലതുചെവിക്ക് മുകളിലായി വെടിയേറ്റ കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തിലാണെന്നും അജീഷ് നാട്ടിലുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചിട്ടുണ്ട്. തലയിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും വെടിയുണ്ട നീക്കം ചെയ്യാനായിട്ടില്ല. തലയിലെ നീർക്കെട്ട് മാറി വീണ്ടുമൊരു ശസ്ത്രക്രിയയ്ക്കുശേഷം മാത്രമേ ഇതു സാധ്യമാകൂ.
ഐടി മേഖലയിൽ പ്രവർത്തിക്കുന്ന അജീഷ് രണ്ടു വർഷത്തിലേറെയായി കുടുബസമേതം ബിർമിംഗ്ഹാമിലാണു താമസം. കുടുംബം ഒന്നിച്ച് ലണ്ടനിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ കുട്ടിക്ക് വിശക്കുന്നുവെന്ന് പറഞ്ഞതിനെത്തുടർന്ന് ഡാൾട്ടണിൽ കിംഗ്സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ "എവിൻ' എന്ന ടർക്കിഷ് റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ കയറുകയായിരുന്നു.
ഈ സമയം ബൈക്കിലെത്തിയവർ പുറത്തിരുന്ന നാലു പേർക്കു നേരേ നിറയൊഴിക്കുകയും ഒരു വെടിയുണ്ട ജനലിനു സമീപം ഇരുന്ന കുട്ടിയുടെ തലയിൽ തറയ്ക്കുകയുമായിരുന്നു. തുടർന്ന് അക്രമികൾ ബൈക്ക് ഓടിച്ചു പോയി. ഇവരെ പിടികൂടാനായിട്ടില്ല.
പോലീസ് നടത്തിയ തെരച്ചിലിൽ അക്രമികൾ എത്തിയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മോഷ്ടിച്ച ബൈക്കുമായി എത്തിയാണു പ്രതികൾ വെടിവയ്പ് നടത്തിയതെന്നാണു പോലീസിന്റെ അനുമാനം.
അജീഷ്-വിനയ ദമ്പതികളുടെ ഏക മകളായ ലിസെൽ മരിയ അവിടെ നാലാം ക്ലാസ് വിദ്യാർഥിയാണ്. അജീഷ് കഴിഞ്ഞ ഡിസംബറിൽ 15 ദിവസത്തെ അവധിക്ക് നാട്ടിൽ വന്നിരുന്നു. ജൂലൈയിൽ വിനയയും കുട്ടിയും നാട്ടിൽ വരാനിരിക്കുകയായിരുന്നുവെന്ന് അജീഷിന്റെ മാതാപിതാക്കളായ പോളും മേരിയും പറഞ്ഞു.
റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുടുംബാംഗങ്ങൾക്കു തൊട്ടടുത്തിരുന്നയാളെയായിരുന്നു അക്രമിസംഘം ലക്ഷ്യമിട്ടതെന്നാണു വിവരം. സംഭവ സ്ഥലം സീൽ ചെയ്ത പോലീസ് വ്യാപക അന്വേഷണം നടത്തിവരികയാണ്.