കുവൈത്ത് തീപിടിത്തം: മരണസംഖ്യ 41 ആയി, ആഭ്യന്തരമന്ത്രി സ്ഥലം സന്ദർശിച്ചു
Wednesday, June 12, 2024 3:59 PM IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയതായി റിപ്പോർട്ട്. കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് അപകടസ്ഥലം സന്ദർശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ഇന്ത്യൻ അംബാസഡറും സ്ഥലത്തെത്തിയിരുന്നു.
മാംഗെഫിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാമ്പിലാണ് അഗ്നിബാധയുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ആറുനില കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇവിടുത്തെ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം.
അപകടസമയത്ത് 160 ലേറെ പേര് കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 35 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണെന്നും, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.
മരിച്ചവരിൽ രണ്ടു മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഉണ്ടെന്നാണ് സൂചന. അതേസമയം, കൂടുതൽ മലയാളികൾ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
പുലർച്ചെ നാലോടെ ആരംഭിച്ച തീ കെട്ടിടത്തിൽ ആളിപ്പടരുകയായിരുന്നു. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. പത്തോളം പേർ ഗുരുതര പരിക്കുകളോടെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിൽ ചികിത്സയിലാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.