ഇടതുമുന്നണി നേരിട്ടത് കനത്ത പരാജയം; ഈഴവ, ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായെന്ന് എം.വി.ഗോവിന്ദന്
Thursday, June 20, 2024 3:15 PM IST
തിരുവനന്തപുരത്ത്: കേരളത്തില്‍ ഇടത് മുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. കനത്ത പരാജയമാണ് എല്‍ഡിഎഫ് നേരിട്ടതെന്നും ഗോവിന്ദന് പ്രതികരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത് ദേശീയ രാഷ്ട്രീയമാണ്. ദേശീയതലത്തില്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിപിഎമ്മിന് കഴിയില്ലെന്നും അത് സാധിക്കുക കോണ്ഗ്രസിനാണെന്നുമുള്ള പൊതുബോധം ജനങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്.
ഇത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ള പരിമിതിയാണ്. അത് എല്‍ഡിഎഫിനെ പ്രതികൂലമായി ബാധിച്ചു.
എന്നാല്‍ ജമാ അത്തൈ ഇസ്ലാമിയും എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടുമെല്ലാം ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നതുപോലെ യുഡിഎഫിനൊപ്പം പ്രവര്‍ത്തിച്ചു. അത് മതനിരപേക്ഷ സംസ്ഥാനമായ കേരളത്തില്‍ ദൂരവ്യാപകമായ ഫലമുണ്ടാക്കുമെന്നതില് തര്‍ക്കമില്ല.
ഒരു സീറ്റ് ബിജെപിക്ക് നേടാനായെന്നതാണ് ഏറ്റവും അപകടരമായ നിലയാണ്.ഈഴവ, ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന് നഷ്ടമായി. എസ്എന്‍ഡിപിയിലേക്ക് ബിഡിജെഎസിലൂടെ ബിജെപി കടന്നുകയറിയെന്നും ഗോവിന്ദൻ പറഞ്ഞു
ക്രൈസ്തവരില്‍ ഒരു വിഭാഗം ബിജെപിക്ക് ഒപ്പം നിന്നു. തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ടുചോര്‍ച്ച ക്രൈസ്തവരില്നിന്നാണ്. ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റി.
പിണറായിയെയും കുടുംബത്തെയും മാധ്യമങ്ങള്‍ കടന്നാക്രമിച്ചു. ഇത് ജനങ്ങളില്‍ സ്വാധീനം ചെലുത്തിയെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.