എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം ഉടൻ: മന്ത്രി കെ.ബി.ഗണേഷ് കുമാർ
Saturday, June 22, 2024 9:07 PM IST
കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. സ്റ്റാൻഡിന്റെ ശോച്യാവസ്ഥ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച നേരിൽ കണ്ടു വിലയിരുത്തി.
ഓരോ മഴ പെയ്യുമ്പോഴും എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളം കയറുന്നത് സംബന്ധിച്ച് വരുന്ന മാധ്യമ വാർത്തകൾ നാണക്കേടുണ്ടാക്കുന്നതാണ്. വെള്ളക്കെട്ടിന് പരിഹാരം കാണാൻ ഐഐടി എൻജിനിയർമാരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്റ്റാൻഡിന് ചുറ്റുമുള്ള തോടുകളിൽനിന്ന് വെള്ളം കയറുന്നത് തടയാൻ മതിൽ നിർമിക്കും. റോഡ് ഉയരത്തിലായതിനാൽ സ്റ്റാൻഡിന്റെ തറനിരപ്പ് ഉയർത്തും. സ്റ്റാൻഡിലെ ശുചമുറികളുടെ കേടുപാടുകൾ തീർക്കാൻ ടെൻഡർ വിളിക്കും.
സ്റ്റാൻഡുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനായി എല്ലായിടത്തും ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.