നവകേരളാ സദസിലെ ശകാരവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; മുഖ്യമന്ത്രിക്കെതിരേ തുറന്നടിച്ച് ചാഴികാടന്
Monday, June 24, 2024 12:06 PM IST
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യമന്ത്രിയുടെ നിലപാടും കാരണമായെന്ന് ഇടത് മുന്നണിയുടെ കോട്ടയത്തെ സ്ഥാനാര്‍ഥി തോമസ് ചാഴികാടന്. കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ചാഴികാടന്റെ വിമര്‍ശനം.
കോട്ടയത്തെ തോൽവിക്ക് ആക്കം കൂട്ടിയത് മുഖ്യമന്ത്രിയുടെ നിലപാടുകൾ കൂടിയാണ്. പാലായിൽ വച്ച് നടന്ന നവകേരളാ സദസിൽ തന്നെ പരസ്യമായി ശകാരിച്ചതും തോൽവിക്ക് കാരണമായെന്ന് ചാഴികാടൻ പറഞ്ഞു.
കിട്ടേണ്ട പല സിപിഎം വോട്ടുകളും ലഭിച്ചിട്ടില്ല. അതെങ്ങനെ മാറിപ്പോയി എന്നതും വിശദമായി അന്വേഷിക്കണം. കനത്ത തോൽവി നേരിട്ട സ്ഥിതിക്ക് ഇനി താൻ എന്തിന് ഇതൊക്കെ മറച്ചു വയ്ക്കണം എന്നാണ് ചാഴികാടൻ യോഗത്തിൽ ചോദിച്ചത്.
എന്നാല്‍ തോൽവിക്ക് കൂട്ടുത്തരവാദിത്വം ആണെന്നും മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നുമാണ് പാര്‍ട്ടി ചെയര്മാന് ജോസ് കെ.മാണി അടക്കമുള്ളവര്‍ നിലപാടെടുത്തത്.