ആക്കുളം പുനരുജീവന പദ്ധതി ടൂറിസം വകുപ്പ് അട്ടിമറിച്ചു: കടകംപള്ളി സുരേന്ദ്രൻ
Monday, June 24, 2024 6:38 PM IST
തിരുവനന്തപുരം: കോടികൾ വകയിരുത്തിയ ആക്കുളം കായൽ പുനരുജീവന പദ്ധതി നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്ന് കടകംപള്ളി സുരേന്ദ്രൻ. മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയ്ക്ക് നൽകിയ ഉറപ്പ് പോലും പാലിക്കപ്പെട്ടില്ലെന്നാണ് കടകംപള്ളിയുടെ ആരോപണം.
നാല് ലക്ഷം ചെലവിൽ കൺസൾട്ടൻസിയെ നിയോഗിച്ചതെന്തിനെന്നും കടകംപള്ളി നിയമസഭയിൽ ചോദിച്ചു. കരാറിൽ ഒപ്പിട്ട് തുടർ നടപടികൾ ഉറപ്പാക്കാൻ നടത്തിപ്പ് ഏജൻസിയായ വാപ്കോസോ ടൂറിസം വകുപ്പോ ഇതുവരെ തയാറായിട്ടില്ലെന്ന് കടകംപള്ളി കുറ്റപ്പെടുത്തി.
225 ഏക്കറിലെ ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കാനാണ് പദ്ധതി. 185 കോടി ചെലവ് വരുന്ന പദ്ധതിക്കായാണ് മാസ്റ്റർ പ്ലാൻ താറാക്കിയിട്ടുള്ളത്.
കായലിലെ ഫ്ലോട്ടിംഗ് മാലിന്യം നീക്കം ചെയ്യൽ ഡ്രഡ്ജിംഗ്, കുളവാഴ നീക്കല്‍, ജലശുദ്ധീകരണം, വൈറ്റ് ലാന്റ് പാര്‍ക്ക്, ഓപ്പണ്‍ എയര്‍ തീയറ്ററും ഇരിപ്പിടങ്ങളും ജിമ്മും അടക്കം വിപുലമായ പദ്ധതികളാണ് മാസ്റ്റർ പ്ലാനിലുള്ളത്.