ശിരോമണി അകാലിദളിന് തിരിച്ചടി: ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു
Tuesday, July 2, 2024 4:45 PM IST
ന്യൂഡല്‍ഹി: ജലന്ധര്‍ വെസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന ശിരോമണി അകാലിദളിന്റെ സ്ഥാനാര്‍ഥി പാര്‍ട്ടി വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സുര്‍ജിത് കൗറാണ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ സാന്നിധ്യത്തിലാണ് സുര്‍ജിത് ആപ്പില്‍ ചേര്‍ന്നത്. ശിരോമണി അകാലിദളിലെ ഉള്‍പാര്‍ട്ടി പോരിനെ തുടര്‍ന്നാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് സുര്‍ജിത് വ്യക്തമാക്കി. തനിക്കുള്ള പിന്തുണ അകാലിദള്‍ പിന്‍വലിക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ പ്രഖ്യാപിച്ചതാണ് സുര്‍ജിതിനെ ചൊടിപ്പിച്ചത്.
സുര്‍ജിത്ത് വിമതപക്ഷക്കാരിയാണെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ അവര്‍ പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിച്ചെന്നും ആരോപിച്ചാണ് സുഖ്ബീര്‍ സിംഗ് പിന്തുണ പിന്‍വലിച്ചത്. പാര്‍ട്ടിയിലെ വിമതപക്ഷം സുര്‍ജിതിനെ പിന്തുണയ്ക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും സുര്‍ജിത് പാര്‍ട്ടി വിടുകയായിരുന്നു.