തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: കള്ളിംഗ് ആരംഭിച്ചു
Friday, July 5, 2024 7:50 AM IST
തൃശൂർ: മാടക്കത്തറ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചതോടെ 310 പന്നികളെ കള്ളിങ്ങിന് വിധേയമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ ഏഴു മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർആർടി സംഘം കള്ളിംഗ് പ്രക്രിയ നടപ്പാക്കും.
ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ ആഫ്രിക്കൻ പന്നിപ്പനി മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു.
രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, ഇത്തരം കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കാനും നിർദ്ദേശം നൽകി.