ഒൻപതുകാരിയെ മാനഭംഗപ്പെടുത്തി കനാലിൽ തള്ളി; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ
Thursday, July 11, 2024 5:28 PM IST
നന്ദ്യാല: ആന്ധ്രാപ്രദേശിലെ നന്ദ്യാലയിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസുകാരിയെ മാനഭംഗപ്പെടുത്തി കനാലിൽ തള്ളിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. അതേസമയം പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കസ്റ്റഡിയിലുള്ള ആൺകുട്ടികളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. പാർക്കിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ പെൺകുട്ടിയെ മുച്ചുമാരി ഇറിഗേഷൻ കനാലിലേക്ക് തള്ളിയിട്ടു.
പിടിയിലായ പ്രതികളെല്ലം മുച്ചുമാരി ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് നന്ദ്യാല എസ്പി പറഞ്ഞു. ഇതിൽ രണ്ടു പേർക്ക് 15 വയസും മറ്റേയാൾക്ക് 12 വയസുമുണ്ട്. പെൺകുട്ടിയെ കാണാതായെന്ന് കാണിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പോലീസ് ആദ്യം കേസ് അന്വേഷിച്ചത്.
പോലീസ് നായ മണം പിടിച്ച് ആൺകുട്ടികളുടെ വീട്ടിലേക്ക് എത്തിയതോടെയാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടായത്.
ദേശീയ ദുരന്ത നിവാരണ സേനയും തെരച്ചിലിനായി നന്ദ്യാലയിൽ എത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തുന്നത് വരെ പെൺകുട്ടി മാനഭംഗത്തിന് ഇരയായോ എന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും പോലീസ് പറഞ്ഞു.