ക്രിമിനലുകളെ ആദരിക്കുന്നവര്‍ സ്വയം ചിന്തിക്കണം; ബിജെപിയിലേക്കില്ല: ജി.സുധാകരന്
Tuesday, July 16, 2024 2:29 PM IST
ആലപ്പുഴ: ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്. തന്നെ അറിയാവുന്ന നാട്ടുകാര്‍ക്ക് അങ്ങനെ ഒരു സംശയം ഇല്ല. തന്നെ അറിയാത്തവരാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇത്തരം പ്രസ്താവനകളെ തമാശമായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലെ തന്നെ ചില വ്യക്തികള്‍ക്ക് താന്‍ ബിജെപിയിലേക്ക് പോവുകയാണെങ്കില്‍ പോയിക്കോട്ടെ എന്ന നിലപാട് ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് അത്തരത്തില്‍ ഒരു ചിന്തയും ഉണ്ടായിരുന്നില്ലെന്ന് സുധാകരന് പറഞ്ഞു. ക്രിമിനലുകളെ ആദരിക്കുന്നവര്‍ സ്വയം ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി പലരേയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കാറുണ്ട് അത് അവരുടെ ദൗര്‍ബല്യമായി മാത്രമേ കാണാനാകൂ. അതിനവരെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ അത്തരം ക്ഷണത്തിലേയ്ക്ക് താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.