ഒമാനിലെ മോസ്ക്കിന് സമീപം ഐഎസ് ആക്രമണം; ഇന്ത്യക്കാരനുൾപ്പടെ ആറു പേർ കൊല്ലപ്പെട്ടു
Wednesday, July 17, 2024 6:47 AM IST
മസ്കറ്റ്: ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ ഷിയാ മോസ്ക്കിന് സമീപം നടന്ന വെടിവെപ്പിൽ ഒരു ഇന്ത്യക്കാരനും നാല് പാക്കിസ്ഥാനികളും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു.
30 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഭീകരർ ഏറ്റെടുത്തു.
മിഷിൻ ഗൺ ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ മൂന്ന് ഭീകരരെ റോയൽ ഒമാൻ പോലീസ് വെടിവയ്പ്പിൽ കൊലപ്പെടുത്തി.
വാദി അൽ കബീറിലെ ഷിയാ പള്ളിക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. പള്ളിയിലുണ്ടായിരുന്നവർക്ക് നേരെ മൂന്ന് ചാവേറുകൾ വെടിയുതിർക്കുകയും ഒമാനി സുരക്ഷാ സേനയുമായി മണിക്കൂറുകളോളം ഏറ്റമുട്ടിയെന്നും ഐഎസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
പള്ളി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ടെലിഗ്രാമിലൂടെ ഐഎസ് പുറത്തുവിട്ടു. കൊല്ലപ്പെട്ടവരിൽ നാല് പേർ പാക് പൗരന്മാരാണെന്നും 50-ഓളം പാക്കിസ്ഥാനികൾ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണെന്ന് പാക് അംബാസഡർ അറിയിച്ചു.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.