വൻവീഴ്ചയിൽനിന്ന് കരകയറാൻ സ്വർണം; പവന് 200 രൂപ കൂടി
Saturday, July 27, 2024 11:13 AM IST
കൊച്ചി: ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ വൻ വീഴ്ചയെ നേരിട്ട സ്വർണം മെല്ലെ തിരിച്ചുകയറുന്നു. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കൂടിയത്. ഇതോടെ സ്വർണവില പവന് 50,600 രൂപയിലും ഗ്രാമിന് 6,325 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ചുരൂപ വര്‍ധിച്ച് 5,235 രൂപയിലെത്തി.
കഴിഞ്ഞ ഒരാഴ്ചയായി താഴോട്ടുപോയ സ്വർണം ചൊവ്വാഴ്ച രണ്ടു തവണകളായി പവന് 2,200 രൂപ താഴ്ന്നിരുന്നു. തുടർന്ന് ബുധനാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം വ്യാഴാഴ്ച വീണ്ടും 760 രൂപ ഇടിഞ്ഞു. വെള്ളിയാഴ്ച രാവിലെ മാറ്റമൊന്നുമില്ലാതിരുന്ന വില ഉച്ചയ്ക്കു ശേഷം പവന് 800 രൂപയും, ഗ്രാമിന് 100 രൂപയും കുറയുകയായിരുന്നു. നിലവിൽ നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില.
ചൊവ്വാഴ്ച ബജറ്റ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് സ്വര്‍ണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. എന്നാൽ, ബജറ്റില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കി കുറച്ച പ്രഖ്യാപനം ഉണ്ടായി മണിക്കൂറുകൾക്കകം പവന് 2,000 രൂപയുടെ ഇടിവാണുണ്ടായത്. സ്വർണം ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണു കുറഞ്ഞത്. ആഗോള വിപണിയില്‍ സ്വര്‍ണ വില കുറയുന്ന പ്രവണതയാണുള്ളത്.
മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില പിന്നീട് കഴിഞ്ഞ മാസം ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തുകയും പിന്നീട് വീണ്ടും 53,000 രൂപ കടക്കുകയുമായിരുന്നു.
പവന് 53,000 രൂപ എന്ന നിരക്കിലാണ് ഈമാസം ആദ്യം സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ആറിന് 54,120 രൂപയിലെത്തിയ സ്വർണം മാസത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവില പത്തിന് 53,680 രൂപയിലേക്കെത്തി. തുടർന്ന് 12ന് വീണ്ടും 54,000 കടന്ന സ്വർണമാണ് ഒരാഴ്ച കൊണ്ട് 51,000 രൂപയിൽ താഴെയെത്തിയത്.
അതേസമയം, സംസ്ഥാനത്ത് നിലവിൽ വെള്ളി വിലയിലും മാറ്റമില്ല. വെള്ളി ഗ്രാമിന് 88.90 രൂപയാണ്. എട്ടുഗ്രാം വെള്ളിക്ക് 711.20 രൂപയിലും കിലോയ്ക്ക് 88,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.