യുവതിയെ കാമുകൻ കൊലപ്പെടുത്തി; മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു
Saturday, July 27, 2024 5:35 PM IST
മുംബൈ: മഹാരാഷ്ട്രയിൽ യുവതിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. യഷശ്രീ ഷിൻഡെ(20)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം നവി മുംബൈയിലെ റെയിൽവേ സ്റ്റേഷനു സമീപമുള്ള കുറ്റിക്കാട്ടിലാണ് പ്രതി മൃതദേഹം ഉപേക്ഷിച്ചത്.
പുലർച്ചെ രണ്ടോടെയാണ് ഉറാൻ റെയിൽവേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി അറിയിച്ച് പോലീസിന് ഫോൺകോൾ വന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നവി മുംബൈ) വിവേക് പൻസാരെ പറഞ്ഞു. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഉറാൻ സ്വദേശിനിയായ യുവതി ബേലാപൂരിലാണ് ജോലി ചെയ്തിരുന്നത്. പ്രണയബന്ധവുമായ ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ യുവാവിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. പ്രതിയെ പിടികൂടാൻ അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്.