കാഫിര്‍ സ്ക്രീൻഷോട്ട് പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിൽ നിന്ന്; റിപ്പോർട്ട് സമർപ്പിച്ചു
Tuesday, August 13, 2024 7:25 PM IST
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തിൽ പോലീസ് ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു. സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍ എന്നീ ഫേസ്ബുക്ക് പേജുകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ് സ്കീന് ഷോട്ട് ലഭിച്ചത്. റെഡ് ബെറ്റാലിയനെന്ന ഗ്രൂപ്പില്‍ അമല്‍ രാമചന്ദ്രന് എന്ന ആളാണ് സന്ദേശമെത്തിച്ചത്.
ഇയാൾക്ക് സ്ക്രീന്‍ ഷോട്ട് ലഭിച്ചത് റെഡ് എന്‍കൗണ്ടേഴ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ്. റിബീഷ് രാമകൃഷ്ണന് എന്ന ആളാണ് സ്ക്രീന്‍ ഷോട്ട് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് റിബീഷ് വെളിപ്പെടുത്തിയില്ലെന്നും പോലീസ് പറയുന്നു.
റബീഷിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് വടകര എസ്എച്ച്ഒ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. 2024 ഏപ്രിൽ 25ന് ഉച്ചക്ക് 2.13ന് റെഡ് എൻകൗണ്ടർ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വ്യാജ സ്ക്രീൻഷോട്ട് സംബന്ധിച്ച് ലീഗ് പ്രവര്‍ത്തകനായ പി. കെ.ഖാസിം നല്കിയ ഹര്‍ജി ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലാണുള്ളത്. തിങ്കളാഴ്ച കോടതി ഹർജി പരിഗണിച്ചിരുന്നു.
കേസിലെ ഗൂഢാലോചന, വ്യാജ സ്ക്രീന്‍ ഷോട്ട് എന്നിവയെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് പി.കെ. ഖാസിമിന്റെ ഹര്‍ജിയിലെ ആവശ്യം.