ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Tuesday, August 13, 2024 7:41 PM IST
തിരുവനന്തപുരം: തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം, തൃശൂർ ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മലയോര മേഖലയിൽ ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കോട്ടയം ജില്ലയുടെ പലപ്രദേശങ്ങളിലും ഇടിയോടു കൂടിയ കനത്ത മഴ പെയ്തു. കോട്ടയം, മീനച്ചില്, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം താലൂക്കുകളിൽ മഴ പെയ്തു.
മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. എറണാകുളം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ആരും ഇറങ്ങരുതെന്നും നിർദേശമുണ്ട്.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിൽ കനത്ത മഴ പെയ്തത് പരിഭ്രാന്തി സൃഷ്ടിച്ചു. ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കാനായി കണ്ണാടിപ്പുഴയ്ക്ക് കുറുകെ നിർമിച്ച താത്കാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും തകർന്നു. പുഴയിൽ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണുള്ളത്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകൾ മാറിതാമസിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.