മോദിയുടെ യുക്രെയ്ൻ സന്ദർശനം; നാലു കരാറുകളിൽ ഒപ്പു വച്ചു
Friday, August 23, 2024 5:48 PM IST
കീവ്: യുക്രെയ്ൻ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. ചർച്ചയ്ക്കിടെ ഇന്ത്യ - യുക്രെയ്ൻ സഹകരണം ശക്തമാക്കാനുള്ള നാലു കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ചു.
വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും യുക്രെയ്നും തീരുമാനിച്ചു. പോളണ്ട് സന്ദർശനം പൂർത്തിയാക്കി ട്രെയിൻ മാർഗം യുക്രെയ്നിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്. തുടർന്ന് ഇരു നേതാക്കളും രക്തസാക്ഷികളായ കുരുന്നുകള്‍ക്ക് യുക്രെയ്ന് ദേശീയ ചരിത്ര മ്യൂസിയത്തിലെ സ്മാരകത്തിലെത്തി ആദരമര്‍പ്പിച്ചു.
യുദ്ധം ഏറ്റവും കൂടുതലായി ബാധിക്കുന്നത് ചെറിയ കുട്ടികളെയാണ്. ജീവന് നഷ്ടപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് എന്റെ ഹൃദയം. വേര്‍പാടിന്റെ ദുഃഖം താങ്ങാനുള്ള ശക്തി അവര്‍ക്കുണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. സ്മാരകത്തില്‍ ആദരമര്‍പ്പിച്ച ശേഷം മോദി എക്സില്‍ കുറിച്ചു.
10 മണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്താണ് പ്രധാനമന്ത്രി യുക്രെയ്ന് തലസ്ഥാനമായ കീവിലെത്തിയത്. റഷ്യ-യുക്രെയ്ന് യുദ്ധം തുടങ്ങിയ ശേഷം എല്ലാ ലോകനേതാക്കളും പോളണ്ടില്‍ ഇറങ്ങി ട്രെയിന്‍മാര്‍ഗമാണ് യുക്രെയ്നിലേക്ക് പോകുന്നത്.
നയതന്ത്ര ബന്ധം ആരംഭിച്ച് 30 -ാം വർഷത്തിലാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്നിലെത്തിയത്. ഒരു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി രാത്രിയോടെ നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിക്കും.