ആരോപണമുന്നയിച്ച യുവതിയെ കണ്ടിട്ടില്ല; പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് മുകേഷ്
Sunday, August 25, 2024 3:36 PM IST
തിരുവനന്തപുരം: തനിക്കെതിരായ മീ ടൂ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് നടനും സിപിഎം എംഎല്‍എയുമായ മുകേഷ്. സിപിഎം എംഎൽഎ ആണെങ്കിൽ കയറി നിരങ്ങാമെന്നാണ് ധാരണയെന്ന് മുകേഷ് പ്രതികരിച്ചു.
ആരോപണമുന്നയിച്ച യുവതിയെ താന്‍ ഇതുവരെ കണ്ടിട്ടില്ല. നേരത്തേ ആരോപണമുന്നയിച്ചപ്പോഴും ഇവരെ ഓര്‍മയില്ലെന്ന് താന്‍ പറഞ്ഞതാണ്. ആരോപണത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ല, ഏതായാലും ഭരണപക്ഷം ആയിരിക്കില്ലെന്നും മുകേഷ് പറഞ്ഞു.
കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് മുകേഷിനെതിരേ വീണ്ടും മീ ടൂ ആരോപണവുമായി രംഗത്തെത്തിയത്. വർഷങ്ങൾക്ക് മുന്‍പ് ടെലിവിഷന്‍ പരിപാടിക്കായി ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ മുകേഷ് പല തവണ ഫോണില്‍ വിളിച്ച് മുറിയിലേക്ക് വരാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.
2018-ലാണ് മുകേഷിനെതിരേ അന്ന് ട്വിറ്ററായിരുന്ന എക്സ് പ്ലാറ്റ്ഫോമിലൂടെ ടെസ് ജോസഫ് ആദ്യം ആരോപണം ഉന്നയിച്ചത്. ഇന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മുകേഷിന്റെ ചിത്രം അടക്കം പങ്കുവച്ചുകൊണ്ടാണ് ഇവർ ആരോപണം ആവർത്തിച്ചത്.