കുരുക്കാകുമോ; ഹേമ കമ്മിറ്റി മൊഴികൾ അന്വേഷണ സംഘം പരിശോധിക്കും
Monday, August 26, 2024 3:20 PM IST
തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രമുഖർക്കെതിരേയുള്ള നടിമാരുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക സംഘം ചൊവ്വാഴ്ച യോഗം ചേരും. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടികൾ സ്വീകരിക്കാനാണ് സംഘത്തിന്റെ ആലോചന. ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളും സംഘം പരിശോധിക്കും. വനിതാ ഉദ്യോഗസ്ഥർ കമ്മിറ്റിക്കു മൊഴി നൽകിയവരെ കണ്ടു മൊഴി രേഖപ്പെടുത്തും. പരാതിയുണ്ടെങ്കിൽ കേസും രജിസ്റ്റർ ചെയ്യും.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രമുഖ നടന്മാർക്കും സംവിധായകർക്കുമെതിരേ നടിമാർ നടത്തിയ വെളിപ്പെടുത്തലിലാണ് സർക്കാർ ഒടുവിൽ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണ സംഘം ജസ്റ്റിസ് ഹേമയിൽനിന്നു വിവരങ്ങൾ ശേഖരിക്കും. പോക്സോ വകുപ്പിൽ വരുന്ന വെളിപ്പെടുത്തലുകളിൽ പരാതിയില്ലാതെയും കേസെടുക്കും. ചൊവ്വാഴ്ചത്തെ യോഗത്തിനുശേഷം അന്വേഷണം സംബന്ധിച്ച് കൂടുതൽ തീരുമാനമുണ്ടാവും.
ദക്ഷിണ മേഖലാ ഐജിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി. സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ നാല് വനിതകൾ ഉൾപ്പെടെയുള്ള ഏഴ് ഐപിഎസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
സിനിമാ മേഖലയിലെ നടൻമാരും സംവിധായകരും അടക്കമുള്ളവർക്കെതിരേ 12 പരാതികൾ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് അടക്കം ലഭിച്ച പരാതികൾ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേയ്ക്കു കൈമാറിയിരുന്നു.
അതേസമയം വെളിപ്പെടുത്തൽ നടത്തിയവരിൽ എത്രപേർ പരാതി നൽകുമെന്നത് പോലീസിനെ കുഴക്കുന്നുണ്ട്. ഇരകളുടേതായി പരാതികൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആവശ്യപ്പെട്ടു മൂന്നാംകക്ഷികൾ നൽകിയ പരാതികളാണ് ഭൂരിഭാഗമെന്നും പോലീസ് ഉന്നതർ അറിയിച്ചു. ഇവ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും.