രഞ്ജിത്തിന് കുരുക്ക് മുറുകുന്നു; ബംഗാളി നടിയുടെ രഹസ്യമൊഴിയെടുക്കും
Tuesday, August 27, 2024 6:24 PM IST
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ കേസിൽ പോലീസ് നടപടികളിലേക്ക് കടക്കുന്നു. നടി ശ്രീലേഖ മിത്രയുടെ രഹസ്യമൊഴി പ്രത്യേക അന്വേഷണം സംഘം രേഖപ്പെടുത്തും. രഹസ്യമൊഴി രേഖപ്പെടുത്താനായി മജിസ്ട്രേറ്റ് കോടതിയിൽ ഉടൻ അപേക്ഷ നൽകും.
കേരളത്തിലേക്ക് വരാനുള്ള അസൗകര്യം പരാതിക്കാരി പ്രകടിപ്പിച്ചാൽ ബംഗാളിലെ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാനുള്ള സൗകര്യം ഒരുക്കുന്നതിനായി പോലീസ് നടപടി സ്വീകരിക്കും. അതേസമയം പുറത്തുവരുന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലേക്ക് കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താൻ ഡിജിപി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു.
സിനിമാ മേഖലയിലുണ്ടായ അതിക്രമങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ വഴിയോ, നവമാധ്യമങ്ങള്‍ വഴിയോ ആരൊക്കെ പരാതി ഉന്നയിച്ചാലും അവരുടെ മൊഴിയെടുക്കാൻ ഡിജിപി നിർദേശം നൽകി. മൊഴി നൽകുന്നവർക്ക് കേസുമായി മുന്നോട്ടുപോകാൻ താത്പര്യമുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യും.
ലോക്കൽ പോലീസിൽ രജിസ്റ്റർ ചെയ്യുന്ന കേസുകള്‍ ഡിജിപിയുടെ ഉത്തരവോടെ ഉടൻ പ്രത്യേക സംഘത്തിന് കൈമാറും. നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരാകും അന്വേഷണം നടത്തുക. ഇതിനു ശേഷം മൊഴി രേഖപ്പെടുത്തും. സാക്ഷ്യമൊഴിയും തെളിവു ശേഖരിക്കലുമെല്ലാം സൂക്ഷമതയോടെ വേണമെന്ന് ഡിജിപി നിർദ്ദേശിച്ചു.
ശ്രീലേഖ മിത്രയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ സംവിധായകൻ രഞ്ജിത്ത് തുടർ നിയമനടപടിയ്ക്കുള്ള നീക്കം തുടങ്ങി. മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് നീക്കം.