പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി; "ബ്രോ ഡാഡി’യിലെ അസിസ്റ്റന്റ് ഡയറക്ടർക്കെതിരേ പരാതി
Thursday, August 29, 2024 12:39 PM IST
തിരുവനന്തപുരം: "ബ്രോ ഡാഡി’ സിനിമയിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ ചിത്രത്തിലെ അസി. ഡയറക്ടറായ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന് പരാതി. ഇവരുടെ പരാതിയിൽ നേരത്തേ ഹൈദരാബാദ് പോലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്രത്യേക അന്വേഷണസംഘത്തിന് ഇന്ന് പരാതി നൽകുമെന്ന് ഇവർ അറിയിച്ചു.
2021 ഓഗസ്റ്റിൽ ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് സംഭവം. വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാൻ ആളെ തേടിയത്. അസോസിയേഷന്റെ നിർദേശപ്രകാരമാണ് ഇവർ അഭിനയിക്കാനെത്തിയത്.
ഇതിന് പിന്നാലെ വീണ്ടും സീനിൽ അവസരം നൽകാമെന്ന് പറഞ്ഞ് റഷീദ് വരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്വന്തം നിലയിൽ, ഷൂട്ടിംഗ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു.
റഷീദ് മുറിയിലെത്തി കുടിക്കാൻ കോള കൊടുത്തുവെന്നും ഇതിന് ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി. സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ച ശേഷം വീട്ടിലേക്കു പോയി.
എന്നാൽ പിന്നീട് നഗ്നചിത്രം അയച്ചുകൊടുത്ത് പിന്നീട് പലതവണ പണം തട്ടി. പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഹൈദരാബാദിൽ ഗച്ചിബൗളി സ്റ്റേഷനിൽ ബലാൽസംഗത്തിനു കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഒളിവിൽ പോയെന്നും പ്രതിക്ക് രാഷ്ട്രീയ സഹായം കിട്ടിയെന്നും പരാതിക്കാരി ആരോപിച്ചു.