വിശ്രമം കഴിഞ്ഞപ്പോൾ താഴേക്ക്; സ്വര്‍ണവില കുറഞ്ഞു
Friday, August 30, 2024 12:22 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 53,640 രൂപയിലും ഗ്രാമിന് 6,705 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,550 രൂപയാണ്.
രണ്ടുദിവസത്തെ 400 രൂപയുടെ ഇടിവിനു ശേഷം കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവില പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കൂടിയിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ച വരെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ബുധനാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചിരുന്നു. വ്യാഴാഴ്ചയും മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നു വീണ്ടും കുറഞ്ഞത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ ഏകദേശം 3,000 രൂപയാണ് വർധിച്ചത്. കഴിഞ്ഞ ഏഴ് ദിവസംകൊണ്ട് 600 രൂപ പവന് വർധിച്ചിരുന്നു.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4,500 രൂപയോളമാണ് താഴ്ന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില ഉയർന്നിട്ടുണ്ട്. ഒരു രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.