ഇനി അടിയുടെ പൂരം; പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് തിങ്കളാഴ്ച തുടക്കം
Sunday, September 1, 2024 10:11 PM IST
തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് തിങ്കളാഴ്ച തുടക്കം. കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആലപ്പി റിപ്പിൾസ് തൃശൂർ ടൈറ്റൻസുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30 നാണ് ആദ്യ മത്സരം ആരംഭിക്കുക.
ഉദ്ഘാടന ദിനത്തിൽ ഉൾപ്പെടെ എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ വീതമാണുള്ളത്. കേരളാ രഞ്ജി താരം മുഹമ്മദ് അസറുദ്ദീനാണ് ആലപ്പി റിപ്പിൾസിന്റെ നായകൻ. വരുണ്‍ നായനാരാണ് തൃശൂരിന്റെ ക്യാപ്റ്റൻ.
ആദ്യ മത്സരത്തിനു ശേഷം വൈകുന്നേരം ആറിന് പ്രഥമ ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകും. ലീഗിന്റെ ഔദ്യോഗിക ഗാനം ഗായകൻ അരുണ്‍ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് 60 കലാകാരന്മാർ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നും ചടങ്ങിന് മറ്റു കൂട്ടും.
കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ മോഹൻലാൽ ചടങ്ങിന് ഔദ്യോഗിക തുടക്കം കുറിക്കും. മന്ത്രി വി.അബ്ദുറഹിമാൻ, വനിതാ ക്രിക്കറ്റ് ഗുഡ് വിൽ അംബാസിഡർ കീർത്തി സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേർസും ഏറ്റുമുട്ടും. സെപ്റ്റംബര്‍ 16 വരെയാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍. 17 ന് സെമി ഫൈനല്‍. സെപ്റ്റംബര്‍ 18 ന് നടക്കുന്ന ഫൈനലില്‍ പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ വിജയിയെ നിശ്ചയിക്കും.