മുമ്പ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണം വീണ്ടും ഉന്നയിക്കുന്നു; സംഭവം അടിസ്ഥാനരഹിതമെന്ന് സിദ്ദിഖ്
Monday, September 2, 2024 9:52 AM IST
കൊച്ചി: അഞ്ച് വർഷം മുമ്പ് തനിക്കെതിരേ സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് ഇപ്പോൾ വീണ്ടും യുവനടി ഉന്നയിക്കുന്നതെന്ന് നടൻ സിദ്ദിഖ്. തന്നെ അപമാനിക്കാനാണ് പരാതി നൽകിയിരിക്കുന്നതെന്നും സിദ്ദിഖ് കോടതിയിൽ സമർപ്പിക്കുന്ന ജാമ്യാപേക്ഷയിൽ പറയുന്നു.
നടിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. അതിനാൽ മുൻകൂർ ജാമ്യാ ഹർജിയിൽ തീർപ്പാകുംവരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്റെ ആവശ്യം. ജാമ്യത്തിനായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് സൂചന.
അതേസമയം, ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ പ്രതികളായ നടൻ മുകേഷിന്റെയും അഭിഭാഷകൻ വി.എസ്. ചന്ദ്രശേഖരന്റെയും മുൻകൂർ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.