എഡിജിപിക്കെതിരായ ആരോപണങ്ങള്‍ ഗൗരവതരം; ആഭ്യന്തരവകുപ്പ് പരാജയമെന്ന് കെ.സി
Monday, September 2, 2024 3:29 PM IST
തിരുവനന്തപുരം: ഭരണകക്ഷി എംഎല്‍എയായ പി.വി.അന്‍വര്‍ എഡിജിപി എം.ആര്.അജിത് കുമാറിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഗൗരവതരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. എഡിജിപി അടക്കമുള്ളവരെ സര്‍ക്കാര്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് കെ.സി പ്രതികരിച്ചു.
മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തല്‍ രാഷ്ട്രീയ അനുമതിയില്ലാതെ നടക്കില്ല. ഈ ആരോപണങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രിയുടെ നേര്‍ക്കാണ്.ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്നും കെ.സി പറഞ്ഞു.
സോളാര്‍ കേസില്‍ കെ.സി.വേണുഗോപാല്‍ അടക്കമുള്ളവരെ രക്ഷപെടുത്താന്‍ അജിത് കുമാര്‍ അട്ടിമറി നടത്തിയെന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. ഈ കേസ് പോലീസും സിബിഐയും അന്വേഷിച്ചതാണ്.
ഇനി സര്‍ക്കാരിന്റെ കൈയില്‍ എന്തെങ്കിലും വിവരമുണ്ടെങ്കില്‍ പറയട്ടെ. തനിക്ക് യാതൊരു ഭയവുമില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.