ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദമാകും; സംസ്ഥാനത്ത് മഴ തുടരും
Thursday, September 5, 2024 11:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ സജീവമായി തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് മഴ സജീവമാകുന്നത്.
രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്തിരുന്ന ന്യൂനമർദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. മധ്യ പടിഞ്ഞാറൻ അറബിക്കടൽ ന്യൂനമർദം ഒമാൻ തീരത്തിനു സമീപം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു.
സംസ്ഥാനത്ത് അടുത്ത ഏഴുദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച ശക്തമായ മഴക്ക് സാധ്യതയെന്നുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ മധ്യപടിഞ്ഞാറൻ അറബിക്കടലിന്റെ മിക്ക ഭാഗങ്ങളും, തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മധ്യ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങളും, വടക്കൻ ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.