കേരളാ സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ സംഘർഷം രൂക്ഷം; തെരഞ്ഞെടുപ്പ് റദ്ദാക്കി
Wednesday, September 11, 2024 9:56 PM IST
തിരുവനന്തപുരം: കേരളാ സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ കെഎസ്യു എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം രൂക്ഷം. സെനറ്റ് ഹാളിൽ ആരംഭിച്ച സംഘർഷം ഇപ്പോൾ മണിക്കൂറുകൾ പിന്നിട്ടിരിക്കുകയാണ്.
വോട്ടെണ്ണലിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. സംഘർഷത്തെതുടർന്ന് വോട്ടെണ്ണൽ നിർത്തിവച്ചിരുന്നു. ഇപ്പോൾ ഇലക്ഷൻ റദ്ദാക്കിയതായും സർവകലാശാല അറിയിച്ചിട്ടുണ്ട്.
എല്ലാ ബാലറ്റ് പേപ്പറുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ സെനറ്റ് ഹാളിൽനിന്ന് പുറത്തിറങ്ങി. കെഎസ്യു പ്രവർത്തകർകർ ഹാളിൽ തമ്പടിച്ചു.
തുടർന്ന് ഹാളിന്റെ വാതിൽ ബലം പ്രയോഗിച്ച് തുറന്ന് എസ്എഫ്ഐ പ്രവർത്തകർ അകത്ത് കടക്കുകയായിരുന്നു. പിന്നാലെ ഇരു വിഭാഗവും തമ്മിൽ പട്ടികകളും കല്ലും മറ്റും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു.
സംഘർഷത്തിൽ പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ കാമറയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സെനറ്റ് ഹാളിന്റെ പുറത്തും ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്.
എസ്എഫ്ഐ ക്രിത്രിമം കാണിക്കാൻ ശ്രമിക്കുന്നതായാണ് കെഎസ്യു ആരോപിക്കുന്നത്. എന്നാൽ കെഎസ്യുവാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് എസ്എഫ്ഐയുടെ നിലപാട്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും അടക്കം സ്ഥലത്തുള്ളപ്പോളാണ് സംഘർഷമുണ്ടായത്.