ഓണം: ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കു സ്പെഷൽ ട്രെയിൻ
Thursday, September 12, 2024 1:34 AM IST
തിരുവനന്തപുരം: ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽനിന്നു കേരളത്തിലേക്കു സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. കാച്ചിഗുഡ–കൊല്ലം സെപ്ഷൽ ട്രെയിൻ (07044) 14ന് വൈകുന്നേരം നാലിന് പുറപ്പെട്ട് 15ന് രാത്രി 11.30ന് കൊല്ലത്ത് എത്തും. തിരിച്ചുള്ള ട്രെയിൻ (07045) കൊല്ലത്തുനിന്നു 16ന് പുലർച്ചെ 2.30ന് പുറപ്പെട്ട് 17ന് രാവിലെ 10.30ന് കാച്ചിഗുഡയിൽ എത്തും.
സെക്കൻഡ് എസി–2 , തേഡ് എസി–6, സ്ലീപ്പർ–7, ജനറൽ 3 എന്നിങ്ങനെയാണു കോച്ചുകൾ. മെഹ്ബൂബ് നഗർ, കുർണൂൽ, ഗൂട്ടി, തിരുപ്പതി, സേലം, കോയമ്പത്തൂർ, പാലക്കാട്, കോട്ടയം വഴിയാണു സർവീസ്.
സെക്കന്തരാബാദ്–കൊല്ലം സ്പെഷൽ (07119) 13ന് വൈകുന്നേരം 5.30ന് സെക്കന്തരാബാദിൽനിന്നു പുറപ്പെട്ട് 14ന് രാത്രി 10.30ന് കൊല്ലത്ത് എത്തും. തിരിച്ചുള്ള ട്രെയിൻ (07120) 15ന് പുലർച്ചെ 2.30ന് കൊല്ലത്തുനിന്നു പുറപ്പെട്ട് 16ന് രാവിലെ 10.30ന് സെക്കന്തരാബാദിൽ എത്തും.
സെക്കൻഡ് എസി–2 , തേഡ് എസി–5, സ്ലീപ്പർ–10, ജനറൽ–2 എന്നിങ്ങനെയാണു കോച്ചുകൾ. ഗുണ്ടൂർ, റേനിഗുണ്ട, സേലം, കോയമ്പത്തൂർ, കോട്ടയം വഴിയാണു സർവീസ്.
കൊച്ചുവേളി–നിസാമുദ്ദീൻ സ്പെഷൽ ട്രെയിൻ (06071) 20 മുതൽ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് ഞായറാഴ്ചകളിൽ രാത്രി 8.40ന് നിസാമുദ്ദീനിലെത്തും. തിരിച്ചുള്ള ട്രെയിൻ (06072) 23 മുതൽ തിങ്കളാഴ്ചകളിൽ പുലർച്ചെ 4.10ന് നിസാമുദ്ദീനിൽനിന്നു പുറപ്പെട്ട് ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് കൊച്ചുവേളിയിലെത്തും.
കോട്ടയം, പാലക്കാട്, സേലം, തിരുപ്പതി, നാഗപുർ, ഗ്വാളിയാർ വഴിയാണു സർവീസ്. 14 തേഡ് എസി കോച്ചുകളാണു ട്രെയിനിലുള്ളത്.