സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു
Wednesday, April 23, 2025 8:54 PM IST
തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്തു. ഇന്ന് വൈകിട്ട് പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്തത്.
എകെജി സെന്റർ എന്നു തന്നെയാണു പുതിയ ഓഫീസിന്റെയും പേര്. നിലവിലെ ഓഫീസിനു സമീപം ഡോ. എൻ.എസ്. വാര്യർ റോഡിലാണ് പുതിയ ഓഫീസ് നിർമിച്ചിരിക്കുന്നത്.
ഒന്പതു നിലകളിൽ പണിതിട്ടുള്ള കെട്ടിടത്തിൽ വിപുലമായ സൗകര്യങ്ങളാണുള്ളത്. സംസ്ഥാന കമ്മിറ്റി ഓഫീസ്, യോഗങ്ങൾ ചേരാനും മറ്റുമുള്ള പ്രത്യേക ഹാളുകൾ, സെക്രട്ടേറിയറ്റ് യോഗം ചേരാനുള്ള മുറി, പാർട്ടി സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും പിബി അംഗങ്ങൾക്കുമുള്ള ഓഫീസ് സൗകര്യങ്ങൾ, താമസ സൗകര്യം എന്നിവയാണു മന്ദിരത്തിലുള്ളത്.
കെട്ടിടത്തിന് 60,000 ചതുരശ്ര അടി വിസ്തീർണമുണ്ട്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, എന്നിവർ പങ്കെടുക്കും.