രണ്ടാം ലോകമഹായുദ്ധ വിജയാഘോഷം; മൂന്ന് ദിവസത്തെ വെടിനിര്‍ത്തൽ പ്രഖ്യാപിച്ച് റഷ്യ
Tuesday, April 29, 2025 9:35 AM IST
മോസ്കോ: യുക്രൈനെതിരെയുള്ള ഏറ്റുമുട്ടലിൽ താല്‍ക്കാലിക വെടിനിര്‍ത്തൽ പ്രഖ്യാപിച്ച് റഷ്യ. മേയ് എട്ട് മുതൽ 11വരെ മൂന്ന് ദിവസത്തെ വെടിനിര്‍ത്തലാണ് പ്രഖ്യാപിച്ചത്.
രണ്ടാം ലോക മഹായുദ്ധത്തില്‍ റഷ്യ നേടിയ വിജയത്തിന്റെ 80-ാം വാര്‍ഷികാഘോഷ പശ്ചാത്തലത്തിലാണ് വെടിനിര്‍ത്തല്‍ തീരുമാനം. ഈ ദിവസങ്ങളില്‍ എല്ലാ തരത്തിലുമുള്ള യുദ്ധ നടപടികളും നിര്‍ത്തിവെക്കുമെന്ന് റഷ്യ അറിയിച്ചു.
തങ്ങളുടെ മാതൃക യുക്രൈനും പിന്തുടരുമെന്ന് കരുതുന്നതായും എന്നാല്‍ പ്രകോപനമുണ്ടായാല്‍ റഷ്യന്‍ സൈന്യം അതിശക്തമായി തിരിച്ചടിക്കുമെന്നും റഷ്യ പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ ഈസ്റ്റര്‍ ദിനത്തില്‍ റഷ്യ 30 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇരുപക്ഷവും പോരാട്ടത്തിൽ കുറവുണ്ടായതായി റിപ്പോർട്ട് ചെയ്തപ്പോൾ, നൂറുകണക്കിന് നിയമലംഘനങ്ങൾ നടത്തിയതായി പരസ്പരം ആരോപിച്ചു.