പുലിപ്പല്ല് കേസ്: റാപ്പർ വേടനെ ഇന്ന് തൃശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കും
Wednesday, April 30, 2025 9:33 AM IST
കൊച്ചി: പുലിപ്പല്ല് കൈവശംവച്ച കേസില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പര്‍ വേടനെ (ഹിരണ്‍ദാസ് മുരളി) ഇന്ന് തൃശൂര്‍ വിയ്യൂരിലെ സരസ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുക്കും. ഇവിടെയാണ് പുലിപ്പല്ലില്‍ വേടന് വെള്ളി കെട്ടിച്ചത്.
ശ്രീലങ്കൻ വംശജനായ വിദേശപൗരനിൽ നിന്നാണ് തനിക്ക് പുലിപ്പല്ല് കിട്ടിയതെന്നും തൃശൂരിലെ ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപമാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന് വനം വകുപ്പിനോട് പറഞ്ഞിട്ടുണ്ട്.
കേസിൽ വേടനെ പെരുമ്പാവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. യാഥാർഥ പുലിപ്പല്ലായിരുന്നെന്ന് അറിയില്ലായിരുന്നുവെന്ന് വേടന് കോടതിയില്‍ പറഞ്ഞു. ഇന്നു തന്റെ ആല്‍ബം പുറത്തിറങ്ങുന്നതിനാല്‍ ജാമ്യം നല്‍കണമെന്ന വേടന്റെ ആവശ്യം തള്ളിയാണു കോടതി കസ്റ്റഡി അനുവദിച്ചത്.
പുലിപ്പല്ല് എവിടെനിന്നാണു കിട്ടിയതെന്ന ചോദ്യത്തിന് “ഇപ്പോഴൊന്നും പറയാന്‍ വകുപ്പില്ല മക്കളേ” എന്നായിരുന്നു കോടതിയില്‍ വേടന്റെ മറുപടി. കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ വേടനെ കൊച്ചി കണിയാമ്പുഴയിലെ ഫ്ലാറ്റില്‍ എത്തിച്ച് തെളിവെടുത്തു. വേടന് അന്വേഷണത്തോടു സഹകരിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാന്‍ വനംവകുപ്പ് ശ്രമം തുടരുകയാണ്. തെളിവെടുപ്പിന് ശേഷം പെരുമ്പാവൂർ കോടതിയിൽ വേടനെ ഹാജരാക്കും.
അതേസമയം, റാപ്പർ വേടനാണു ലോക്കറ്റ് വന്നുവാങ്ങിയതെന്നും പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നുമാണ് ലോക്കറ്റ് നിർമിച്ചുനല്‍കിയ വിയ്യൂര്‍ സരസ ജ്വല്ലറി ഉടമ സന്തോഷ് മാധ്യമങ്ങളോടു പറഞ്ഞത്.
അഞ്ചെട്ടു മാസമായെന്നു തോന്നുന്നു, ശരിക്ക് ഓർമയില്ല. പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നു. വെള്ളിയിൽ ഫ്രെയിംകെട്ടി ലോക്കറ്റ് പോലെ ആക്കണമെന്നുപറഞ്ഞപ്പോൾ പണിക്കാരെക്കൊണ്ട് ചെയ്തുകൊടുത്തതാണ്. വാങ്ങിക്കാൻ വന്നതു പുള്ളിക്കാരനായിരുന്നു. ആദ്യം ആളെ മനസിലായില്ല. പോയിക്കഴിഞ്ഞിട്ടാണ് മനസിലായത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് പോലീസോ വനംവകുപ്പോ തന്നെത്തേടി എത്തിയിട്ടില്ലെന്നും സന്തോഷ് വ്യക്തമാക്കി.