പഹൽഗാം ആക്രമണത്തിന് ഉടൻ തിരിച്ചടി നൽകണം: രാഹുൽ ഗാന്ധി
Wednesday, April 30, 2025 9:00 PM IST
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരിച്ചടി ഉടൻ നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. പാതി മനസോടെയല്ല കാര്യങ്ങൾ ചെയ്യേണ്ടതെന്ന് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിച്ച രാഹുൽ, ഇനിയൊരിക്കലും ഇന്ത്യക്കെതിരെ തിരിയാത്ത വിധമുള്ള മറുപടിയാവണം നൽകേണ്ടതെന്നും പറഞ്ഞു.
പഹൽഗാം വിഷയത്തിൽ സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം സർക്കാരിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. "ഇനി പ്രധാനമന്ത്രി നടപടിയെടുക്കണം. ആരാണ് ഉത്തരവാദികളെന്ന് രാജ്യത്തിന് അറിയണം. സമയം കളയാതെ തിരിച്ചടിക്കണം. ആക്രമണം നടന്ന സ്ഥലത്ത് ഒരു സുരക്ഷ സംവിധാനവും ഇല്ലായിരുന്നെന്ന് ഇരകളുടെ ബന്ധുക്കൾ തന്നെ പറഞ്ഞു.'- രാഹുൽ പറഞ്ഞു.
സുരക്ഷാ വീഴ്ചയുടെ കാരണം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഭീകരാക്രമണം മുസ്ലിങ്ങൾക്കെതിരായ ആക്രമണത്തിന് ചിലർ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയ വിഭജനത്തിനാണ് ഒരു കൂട്ടരുടെ ശ്രമമെന്നും ഇത് തീവ്രവാദികളെ മാത്രമേ സഹായിക്കൂവെന്നും രാഹുൽ പറഞ്ഞു.