വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ്; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
Thursday, May 1, 2025 4:30 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി പത്തുവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ടു വരെയുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്യുന്നത്.
പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായി നഗരത്തിൽ സുരക്ഷ കർശനമാക്കി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലെല്ലാം പോലീസിനെ വിന്യസിച്ചു.