ദളിത് യുവതിക്കെതിരായ ക്രൂരത; പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി
Tuesday, May 20, 2025 6:14 PM IST
കോഴിക്കോട്: പേരൂര്‍ക്കടയില്‍ ദളിത് യുവതി ബിന്ദുവിനെ പോലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സ്റ്റേഷനിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
"മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നപ്പോൾ പരിശോധിക്കാമെന്നാണ് പറഞ്ഞത്. പരിശോധയ്ക്കുള്ള താമസം മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉണ്ടായിട്ടുള്ളു.'-പിണറായി വിജയൻ പറഞ്ഞു.
മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ച ബിന്ദുവിനെ 20 മണിക്കൂറോളം പോലീസ് മാനസികമായി പീഡിപ്പിച്ചതാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് പേരൂർക്കട പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ച ബിന്ദുവിനെ വിട്ടയച്ചത് ബുധനാഴ്ച ഉച്ചയ്ക്ക് 12നാണ്.
യുവതി ജോലിക്കുനിന്ന വീട്ടിൽനിന്നു മാല മോഷണംപോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. പോലീസിനോടു നിരപരാധിയാണെന്നു കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ല.
രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച് മാലയ്ക്കായി പോലീസ് പരിശോധനയും നടത്തി. തിരിച്ച് വീണ്ടും പേരൂർക്കട സ്റ്റേഷനിലെത്തിച്ചു. കുടിക്കാൻ വെള്ളംപോലും നൽകിയില്ലെന്നും യുവതി ആരോപിച്ചിരുന്നു.