സംസ്ഥാനത്ത് മഴ കനക്കുന്നു; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി
Saturday, May 24, 2025 9:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂരിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മൂന്നുദിവസം പ്രവേശനമില്ല.
കാസർഗോഡും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണമുണ്ട്. ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിംഗിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി, ട്രക്കിംഗ് എന്നിവ നിരോധിച്ചു. വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാമെന്നതിനാൽ, ക്യാമ്പുകളിലേക്ക്
മാറാൻ തയാറായി ഇരിക്കണം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. നദികൾ മുറിച്ചുകടക്കുക, നദികളിൽ കുളിക്കുക, മീൻപിടിക്കുക തുടങ്ങിയവ പൂർണമായും ഒഴിവാക്കണം. അനാവശ്യ യാത്രകൾ, പ്രത്യേകിച്ച് വെള്ളച്ചാട്ടങ്ങളിലേക്കും മലയോര മേഖലകളിലേക്കുമുള്ള വിനോദ സഞ്ചാരം നിർത്തിവയ്ക്കണം.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിലും അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത വേണം. തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കുകയും അപകട മേഖലകളിൽ താമസിക്കുന്നവർ മാറിത്താമസിക്കുകയും വേണം.