മഴ; ഇടുക്കിയിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം
Saturday, May 24, 2025 11:10 PM IST
ഇടുക്കി: കനത്ത മഴ തുടരുന്നതിനാൽ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങളും സാഹസിക വിനോദ പരിപാടികളും ട്രക്കിങ്ങുമാണ് നിരോധിച്ചത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നു.
മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമന്നു നിർദ്ദേശമുണ്ട്. ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡ് നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി വയ്ക്കാനും കളക്ടർ ഉത്തരവിട്ടു.