അന്‍വര്‍ വിഷയത്തില്‍ ലീഗ് മധ്യസ്ഥതയ്ക്കില്ല: കുഞ്ഞാലിക്കുട്ടി
Tuesday, May 27, 2025 2:05 PM IST
മലപ്പുറം: പി.വി.അന്‍വറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്ലീം ലീഗ് മധ്യസ്ഥത വഹിക്കാനില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. അന്‍വര്‍ തങ്ങളെ വന്ന് കണ്ട് നിലവിലെ സാഹചര്യം വിശദീകരിച്ചു. വിഷയം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മുന്നണിയിലെ എല്ലാ ഘടകകക്ഷികളോടും സംസാരിക്കുന്നതുപോലെയാണ് ലീഗുമായും അന്‍വര്‍ സംസാരിച്ചത്. വിഷയത്തില്‍ ലീഗ് മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തൃണമൂലിന്റെ മുന്നണി പ്രവേശനത്തില്‍ കോണ്‍ഗ്രസ് തീരുമാനം പറയട്ടെയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അന്‍വറിന്റെ പ്രതികരണം. നിലന്പൂരിൽ താന്‍ മത്സരിക്കുമോ എന്നതില്‍ ഇപ്പോള്‍ തീരുമാനം പറയുന്നില്ല.
ലീഗിനെ നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തി. പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചത്. ഇക്കാര്യത്തില്‍ ഇനി തീരുമാനം പറയേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ട ആരും തന്നെ ഇതുവരെ വിളിച്ചില്ലെന്നും അൻവർ പറഞ്ഞിരുന്നു.