രാജസ്ഥാനിൽ വയോധികനെ നരഭോജി കടുവ കൊന്നു; മൃതദേഹം ഭക്ഷിച്ച നിലയിൽ
Monday, June 9, 2025 9:21 PM IST
ജയ്പുർ: രാജസ്ഥാനിലെ രന്തംബോർ കടുവ സംരക്ഷണ കേന്ദ്രത്തിൽ നരഭോജി കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. രന്തംബോർ കോട്ടയിലെ ജൈന ക്ഷേത്രത്തിലെ പരിചാരകനായിരുന്ന രാധേശ്യം(60) ആണ് കൊല്ലപ്പെട്ടത്.
കടുവയുടെ ആക്രമണത്തിൽ രണ്ട് മാസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. പുലർച്ചെ 4.30 ഓടെയാണ് സംഭവം നടന്നതെന്ന് കടുവ സംരക്ഷണ കേന്ദ്ര ഉദ്യോഗസ്ഥൻ പറഞ്ഞു. സമീപത്ത് ഉറങ്ങിക്കിടന്ന രണ്ട് ഗാർഡുകൾ ഇയാളുടെ നിലവിളി കേട്ടുവെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
കടുവ മൃതദേഹം ഭക്ഷിച്ച നിലയിലാണ്. ഷേർപൂർ ഗ്രാമവാസിയായിരുന്നു മരിച്ചയാൾ. രണ്ട് പതിറ്റാണ്ടിലേറെയായി ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കോട്ട വളപ്പിനുള്ളിലാണ് താമസിച്ചിരുന്നത്.
കടുവയെ തിരിച്ചറിയുന്നതിനായി അധികൃതർ പ്രദേശത്ത് കാമറ സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ സവായ് മധോപൂർ-കുന്ദേര റോഡ് ഉപരോധിച്ചിരുന്നു.