കലാപരിപാടികളുടെ പേരില്‍ ക്ഷേത്രോപദേശക സമിതി പണപ്പിരിവിന് വേദിയൊരുക്കരുതെന്ന് ഹൈക്കോടതി
Saturday, June 14, 2025 6:52 AM IST
കൊച്ചി: കലാപരിപാടികളുടെ പേരില്‍ വിശ്വാസികളില്‍നിന്നുള്ള പണപ്പിരിവിന് വേദിയൊരുക്കലല്ല ക്ഷേത്രോപദേശക സമിതിയുടെ ജോലിയെന്ന് ഹൈക്കോടതി. പണപ്പിരിവും സ്പോണ്‍സര്‍ഷിപ്പും മാനദണ്ഡങ്ങള്‍ക്കെതിരാണ്. നിയമലംഘകര്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞു.
ക്ഷേത്രവരുമാനം ക്ഷേത്രോദ്ധാരണത്തിനാകണം. കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ വിപ്ലവഗാനം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വംബെഞ്ചിന്റെ പരാമര്‍ശം. സ്പോണ്‍സറും ഗായകനും തമ്മിലാണു പണമിടപാടുണ്ടായതെന്ന് ക്ഷേത്രോപദേശക സമിതി വാദിച്ചു. അങ്ങനെയെങ്കില്‍ പ്രശ്നം കൂടുതല്‍ ഗുരുതരമാണെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓഡിറ്റിംഗ് ഉള്ളതാണെന്നും ചൂണ്ടിക്കാട്ടി. സമിതിയുടെ എതിര്‍സത്യവാങ്മൂലം ബെഞ്ചില്‍ എത്താത്തതിനെത്തുടര്‍ന്ന് ഹര്‍ജി 19ന് പരിഗണിക്കാന്‍ മാറ്റി.