അഹമ്മദാബാദ് വിമാന ദുരന്തം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Saturday, July 12, 2025 6:17 AM IST
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. വിമാനത്തിലെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു.
വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും എൻജിനുകളുടെ പ്രവർത്തനം നിലച്ചെന്നും ഇതെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേൾക്കാം.
താനല്ല ചെയ്തത് എന്നാണ് രണ്ടാമന്റെ മറുപടി. ഈ സ്വിച്ച് ആരെങ്കിലും ഓഫ് ചെയ്തതാകാമെന്നാണ് സംശയം. എൻജിനുകളിലേക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടപ്പോൾ അടിയന്തര ഹൈഡ്രോളിക് പവർ നൽകുന്നതിനായി പ്രൊപ്പല്ലർ പോലുള്ള ഉപകരണമായ റാം എയർ ടർബൈൻ പ്രവർത്തിപ്പിച്ചു.
വിമാനം 32 സെക്കൻഡ് മാത്രമാണ് ആകാശത്ത് പറന്നത്. പിന്നീട് വിമാനം താഴേക്ക് പതിക്കുകയായിരുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ വിശദമായ അന്വേഷണം ആവശ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.