യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനം സദുദ്ദേശപരം; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നെന്ന് പി.ജെ.കുര്യന്
Monday, July 14, 2025 10:38 AM IST
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ വിശദീകരണവുമായി പി.ജെ.കുര്യന്. തന്റെ വിമര്‍ശനം സദുദ്ദേശപരമാണെന്നും വ്യക്തിപരമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പാര്‍ട്ടി യോഗത്തില്‍ അഭിപ്രായം പറയേണ്ടത് തന്റെ കടമയാണ്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്ക്കുന്നു. ഇങ്ങനെ പോയാല്‍ പോരെന്നാണ് ഉദ്ദേശിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സമരങ്ങളില്‍ ആളുണ്ടായിരുന്നില്ല. എസ്എഫ്ഐ മാര്‍ച്ചിനെ ചൂണ്ടിക്കാട്ടിയത് ഉദാഹരണമായാണ്. സമരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ജയിക്കാന്‍ യുവാക്കള്‍ വേണം. യുവ നേതാക്കള്‍ പഞ്ചായത്തുകളിലേക്ക് പോകണം. സമൂഹമാധ്യമങ്ങളിലെ പ്രവര്‍ത്തനം മാത്രം പോര, ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കണം. താന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.