ഓടുന്ന ട്രെയിനിൽ ഗർഭിണിയായ യുവതിക്ക് പീഡനം; പ്രതിക്ക് മരണംവരെ തടവുശിക്ഷ
Tuesday, July 15, 2025 8:48 PM IST
ചെന്നൈ: ഓടുന്ന ട്രെയിനിൽ വച്ച് ഗർഭിണിയായ യുവതിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച് കോടതി. ചെന്നൈയിലാണ് സംഭവം. നാലുമാസം ഗർഭിണിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
2025 ഫെബ്രുവരി ആറിന് 22616 തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം നടന്നത്. വെല്ലൂർ ജില്ലയിൽ നിന്നുള്ള ഹേമരാജ് എന്നയാളാണ് കേസിലെ പ്രതി.
സംഭവത്തിൽ ജോലാർപേട്ട് റെയിൽവേ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം ഹേമരാജിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ജൂലൈ 14ന് കോടതി ഹേമരാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മരണം വരെ ജീവപര്യന്തം തടവിന് വിധിക്കുകയുമായിരുന്നു.