സസ്പെന്‍ഷനിലുള്ള രജിസ്ട്രാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വിലക്കി കേരള വിസി
Tuesday, July 15, 2025 9:04 PM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലായ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ തടഞ്ഞു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് വിസി നിര്‍ദേശം നല്‍കിയത്.
രജിസ്ട്രാറുടെ ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ തിരികെ വാങ്ങാനും വാഹനം ഗാരേജില്‍ സൂക്ഷിക്കാനുമാണ് വൈസ് ചാന്‍സലറുടെ പുതിയ നിര്‍ദേശം. രജിസ്ട്രാറുടെ ചുമതല നല്കിയ ഡോ. മിനി കാപ്പനോടും സര്‍വകലാശാല സെക്യൂരിറ്റി ഓഫീസറോടുമാണ് വിസി ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്.
സസ്പെന്‍ഷനിലുള്ള രജിസ്ട്രാര്‍ ഓഫീസിലെത്തുന്നത് തടയണമെന്നും സര്‍വകലാശാലയിലെത്താന്‍ തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും വിസി ഡോ. മോഹനന് കുന്നുമ്മല്‍ കഴിഞ്ഞദിവസം തൃശൂരില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്ലേക്കറെകണ്ട് ആവശ്യപ്പെട്ടിരുന്നു.
ജൂണ്‍ 30നുശേഷം വിസി സര്‍വകലാശാലയില്‍ വന്നിട്ടില്ല. രജിസ്ട്രാറുടെ സസ്പെന്ഷന് സിൻഡിക്കേറ്റ് പിന്‍വലിച്ചെങ്കിലും വിസി അംഗീകരിച്ചിരുന്നില്ല. ബദല്‍ രജിസ്ട്രാറായി മിനി കാപ്പനെ നിയമിച്ചെങ്കിലും അവര്‍ക്ക് ഇ-ഫയല്‍ ലഭ്യമാക്കാന്‍ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ തയാറല്ല.