ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനം; ഗവർണർക്ക് പട്ടിക കൈമാറി സംസ്ഥാന സർക്കാർ
Tuesday, July 15, 2025 10:17 PM IST
തിരുവനന്തപുരം: കേരള സാങ്കേതിക (കെടിയു) സർവകലാശാലയിലേക്കും ഡിജിറ്റൽ സർവകലാശാലയിലേക്കും വൈസ് ചാൻസലർമാരായി നിയമിക്കാൻ യോഗ്യതയുള്ളവരുടെ പട്ടിക സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറി. പട്ടികയിൽ നിന്ന് നിയമനം നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം.
മൂന്നംഗ പട്ടികയാണ് സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറിയിരിക്കുന്നത്. പത്ത് വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുള്ള ഡിപ്പാർട്ട്മെന്റ് ഹെഡുമാരായിട്ടുള്ള മൂന്നു പേരുകളുള്ള രണ്ട് പട്ടികകളാണ് കേരള സാങ്കേതിക (കെടിയു) സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിനായി സർക്കാർ നൽകിയിരിക്കുന്നത്.
താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം.