രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ആന്ദ്രെ റസല്‍; അവസാന മത്സരം ഓസീസിനെതിരേ
Thursday, July 17, 2025 2:19 PM IST
ജമൈക്ക: വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആന്ദ്രെ റസൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കെതിരേ ജൂലൈ 21ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയോടെ കളി മതിയാക്കാനാണ് തീരുമാനം. അഞ്ചുമത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും നടക്കുന്നത് താരത്തിന്റെ ഹോം ഗ്രൗണ്ടായ ജമൈക്കയിലെ സബീന പാർക്കിലാണ്. വിൻഡീസ് ക്രിക്കറ്റ് ബോർഡാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യപനം ഔദ്യോഗികമായി അറിയിച്ചത്.
വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കുക എന്നത് തന്റെ ജീവിതത്തിലെ അഭിമാനകരമായ നേട്ടങ്ങളിലൊന്നാണെന്ന് റസൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സ്വദേശത്ത് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ കളിക്കുന്നത് വളരെ ഇഷ്ടമാണ്. അവിടെ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനും ഉയർന്ന നിലവാരമുള്ള പ്രകടനങ്ങൾ നടത്താനും കഴിഞ്ഞു. എല്ലാം അടുത്ത തലമുറയ്ക്കും പ്രോത്സാഹനമാകട്ടേ എന്നും റസൽ പറഞ്ഞു.
37ാം വയസിലാണ് 15 വർഷം നീണ്ട ക്രിക്കറ്റ് ജീവിതം റസൽ മതിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2010ൽ ശ്രീലങ്കക്കെതിരേയുള്ള ടെസ്റ്റ് മത്സരത്തിലായിരുന്നു റസലിന്റെ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ രണ്ട് റൺസും ഒരു വിക്കറ്റും മാത്രമായിരുന്നു റസലിന് നേടാനായത്. പിന്നീട് താരം ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല.
അതേസമയം 54 ഏകദിന മത്സരങ്ങൾ കളിച്ച റസൽ 1,034 റൺസും 70 വിക്കറ്റുകളും നേടിയിട്ടുണ്ട്. 92 റണ്‍സാണ് ഏകദിനത്തിലെ മികച്ച സ്കോര്‍. കൂടാതെ 84 ട്വന്റി20 മത്സരങ്ങളിൽ നിന്നും 1,078 റൺസും 61 വിക്കറ്റുകളും സ്വന്തമാക്കി. 71 റണ്‍സാണ് മികച്ച സ്കോര്‍. 2012ലും 2016ലും ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസ് ടീമിൽ അംഗമായിരുന്നു റസൽ.
ലോകത്തെ വിവിധ ടി20 ലീഗുകളില്‍ സജീവമായ റസല്‍ 561 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 9316 റണ്‍സും 485 വിക്കറ്റുകളും നേടിയിട്ടുണ്ട്.
അടുത്തിടെ, വിൻഡീസ് താരമായിരുന്ന 29കാരനായ നിക്കോളാസ് പുരാനും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു.