ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാൻ വിറച്ചു: നരേന്ദ്ര മോദി
Tuesday, July 29, 2025 6:27 PM IST
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ശക്തി ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകരാജ്യങ്ങൾക്ക് മനസിലായെന്ന് പ്രധാനമന്ത്രി. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്ക് ലോക്സഭയിൽ മറുപടി നൽകുകയായിരുന്നു നരേന്ദ്ര മോദി. ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണ്.
ഭീകരരുടെ താവളങ്ങൾ തകർത്തതിന്റെ ആഘോഷത്തിലാണ് രാജ്യം. താൻ പറയുന്നത് ഇന്ത്യയുടെ പക്ഷമാണ്. ഇന്ത്യയ്ക്കൊപ്പം നിൽക്കാത്തവരെ പാഠം പഠിപ്പിക്കും. പഹൽഗാം ആക്രമണ സമയത്ത് താൻ വിദേശത്തായിരുന്നു. തിരിച്ചെത്തിയ ഉടനെ തിരിച്ചടിക്കാൻ നിർദേശം നൽകി. ഏപ്രിൽ 22 ലെ ആക്രമണത്തിന് 22 മിനിറ്റുകൊണ്ട് മറുപടി നൽകി.
തിരിച്ചടിക്ക് സൈന്യത്തിന് പൂർണ സ്വാതന്ത്യം നൽകി. ഭീകരർക്ക് നൽകിയത് ഉറക്കം കെടുത്തുന്ന മറുപടിയാണ്. പാക്കിസ്ഥാൻ വിചാരിക്കാത്ത സ്ഥലത്താണ് ആക്രമണം നടത്തിയെന്നും അവർക്ക് ഒന്നു ചെയ്യാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ പാക്കിസ്ഥാൻ വിറച്ചു. പാക് ആണവ ഭീഷണി വ്യാജമാണെന്ന് തെളിയിക്കാൻ കഴിഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനിക ശക്തി ലോകത്തിനെ ബോധ്യപ്പെടുത്തി. പക്ഷേ കോൺഗ്രസിന് അത് ബോധ്യപ്പെടാത്തത് ഖേദകരമാണ്. ആക്രമണം നിർത്താൻ ഒരു ലോകനേതാവും ആവശ്യപ്പെട്ടില്ല. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് മുന്നറിയിപ്പ് നൽകി.
ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹത്തിന് മറുപടി നൽകി. പാക്ക് വ്യോസേനാ താവളങ്ങൾ ഇപ്പോഴും ഐസിയുവിലാണ്. പ്രതീക്ഷിക്കാത്ത അടി ലഭിച്ചപ്പോൾ പാക്കിസ്ഥാൻ വെടിനിർത്തലിന് അപേക്ഷിച്ചു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. സാഹസത്തിനു മുതിർന്നാൽ മറുപടി നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാന് അനുകൂലമായി പ്രസ്താവന നടത്തിയത് മൂന്ന് രാജ്യങ്ങൾ മാത്രമെന്നും മോദി ചൂണ്ടിക്കാട്ടി. ആദ്യ സർജിക്കൽ സ്ട്രൈക്കിൽ ഭീകരരെ അയക്കുന്ന കേന്ദ്രങ്ങളാണ് ലക്ഷ്യം വച്ചത്. ബാലാകോട്ട് ആക്രമണത്തിൽ പരിശീലന കേന്ദ്രങ്ങൾ തകർക്കാനാണ് തീരുമാനിച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ ഭീകരരുടെ സിരാകേന്ദ്രങ്ങളാണ് തകർത്തത്.
ഭീകരകേന്ദ്രങ്ങൾ ആകും തകർക്കുക എന്നത് ആദ്യമേ പ്രഖ്യാപിച്ചതാണ്. ഇന്ത്യൻ സേന ആദ്യ രാത്രി തന്നെ നൂറു ശതമാനം ലക്ഷ്യം കൈവരിച്ചു. പാക്കിസ്ഥാൻ സേനയോട് ഇക്കാര്യം വ്യക്തമായി പറഞ്ഞതാണ്. ലോകത്തോട് പറഞ്ഞത് ഇന്ത്യ പാലിച്ചു. എന്നാൽ പാകിസ്ഥാൻ നാണമില്ലാതെ ഭീകരവാദികളുടെ പക്ഷം പിടിച്ചു.
കോണ്‍ഗ്രസിനെതിരെയും പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചു. രാജ്യത്തെ ധീരൻമാരെ കോണ്‍ഗ്രസ് പിന്തുണക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് മോദി വിമര്‍ശിച്ചു. പഹൽഗാം കൂട്ടക്കൊലയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. കോണ്‍ഗ്രസിന് ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
സർജിക്കൽ സ്ട്രൈക്ക് കഴിഞ്ഞ ഉടൻ കോൺഗ്രസ് തെളിവു ചോദിച്ചു. പിന്നീട് സർജിക്കൽ സ്ട്രൈക്ക് തങ്ങളും ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടു. അഭിനന്ദൻ വർധമാൻ പാക്കിസ്ഥാൻ പിടിയിലായപ്പോൾ മോദി പെട്ടെന്ന് പലരും പറഞ്ഞു. രാജ്യത്തിന്റെ ശക്തി കൊണ്ട് അഭിനന്ദൻ വർധമാനെ തിരിച്ചു കൊണ്ടു വരാനായി.
ഓപ്പറേഷൻ സിന്ദൂറിനിടയിൽ പാക്കിസ്ഥാനിൽ അകപ്പെട്ട ബിഎസ്എഫ് ജവാനെയും ഒരു പരിക്കുമില്ലാതെ തിരിച്ചെത്തിച്ച കാര്യവും മോദി ഓർമിപ്പിച്ചു.