റഷ്യയിൽ വൻ ഭൂചലനം; അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്
Wednesday, July 30, 2025 6:35 AM IST
ന്യൂഡൽഹി: റഷ്യയുടെ കിഴക്കൻ തീരത്ത് ശക്തമായ ഭൂചലനം. 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഇതേതുടർന്ന് അമേരിക്കയും ജപ്പാനും സുനാമി മുന്നറിയിപ്പ് നൽകി.
അലാസ്ക, ഹവായ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ സുനാമി ഉണ്ടായേക്കുമെന്നാണ് അമേരിക്കൻ അധികൃതർ മുന്നറിയിപ്പ് നൽകിയത്. ഹവായ്, റഷ്യ എന്നിവിടങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകുമെന്ന് യുഎസ് സുനാമി കേന്ദ്രം അറിയിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
റഷ്യയിലെ കാംചത്ക ഉപദ്വീപിനടുത്ത് ശക്തമായ ഭൂകമ്പം ഉണ്ടായതായും സുനാമി മുന്നറിയിപ്പ് നൽകിയതായും ജപ്പാന്റെ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
ഹൊക്കൈഡോയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്പം ഉണ്ടായതെന്നും നേരിയ തോതിൽ മാത്രമേ ഭൂകമ്പം അനുഭവപ്പെട്ടുള്ളൂവെന്നും ജപ്പാനിലെ എൻഎച്ച്കെ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.
"ഭൂകമ്പം ഗുരുതരവും പതിറ്റാണ്ടുകളിലെ ഭൂചലനങ്ങളിൽ ഏറ്റവും ശക്തവുമായിരുന്നുവെന്നും കാംചത്ക ഗവർണർ വ്ളാഡിമിർ സോളോഡോവ് ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. പ്രാഥമിക വിവരങ്ങൾ പ്രകാരം ആളപായമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഒരു കിന്റർഗാർഡന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
19.3 കിലോമീറ്റർ (12 മൈൽ) ആഴത്തിലുള്ള ഭൂകമ്പമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു, അവാച്ച ബേയുടെ തീരത്ത് 165,000 ജനസംഖ്യയുള്ള പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കിയുടെ കിഴക്ക്-തെക്കുകിഴക്കായി ഏകദേശം 125 കിലോമീറ്റർ (80 മൈൽ) ആയാണ് ഭൂകമ്പ പ്രഭവകേന്ദ്രം.
സുനാമി ഭീഷണിയെത്തുടർന്ന് ഉപദ്വീപിന് തെക്ക് ഭാഗത്തുള്ള സെവേറോ-കുറിൽസ്ക് എന്ന ചെറുപട്ടണത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഉത്തരവ് പ്രഖ്യാപിച്ചതായി സഖാലിൻ ഗവർണർ വലേരി ലിമറെങ്കോ ടെലിഗ്രാമിൽ പറഞ്ഞു.
32 മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാല തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് റഷ്യയുടെ അടിയന്തര സേവന മന്ത്രാലയത്തിന്റെ കംചത്ക ബ്രാഞ്ച് ടെലിഗ്രാമിൽ പറഞ്ഞു.