കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല; കേസ് എന്‍ഐഎ കോടതിയിലേക്ക്; ഇരുവരും ജയിലിൽ തുടരും
Wednesday, July 30, 2025 12:44 PM IST
റായ്പൂർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിച്ചില്ല. കേസ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റി.
കന്യാസ്ത്രീകള്‍ക്കെതിരേ ചുമത്തപ്പെട്ട വകുപ്പുകള്‍ ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. സാധാരണഗതിയില്‍ ഇത്തരം കേസുകള്‍ പരിഗണിക്കുന്നത് എന്‍ഐഎ കോടതിയാണെന്നും കോടതി നിരീക്ഷിച്ചു.
കന്യാസ്ത്രീകള്‍ക്കായി ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന് അഡ്വ. രാജ്കുമാര് തിവാരിയാണ് ഹാജരായത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതോടെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. ഇതിനിടെ നിയമ, വനിത വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും അടങ്ങുന്ന സിബിസിഐ സംഘവും റായ്പുരില്‍ എത്തിയിട്ടുണ്ട്.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരേ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അറസ്റ്റിലായ കന്യാസ്ത്രീകൾ നിലവിൽ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിൽ തുടരുകയാണ്.