അനുഭവിക്കുന്നത് വിദ്യാർഥികൾ; സ്ഥിരം വിസിമാർ വേണം, നിയമനങ്ങളിൽ രാഷ്ട്രീയം കലർത്തരുത്: സുപ്രിംകോടതി
Wednesday, July 30, 2025 1:26 PM IST
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ഉടൻ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി. അതുവരെ താൽക്കാലിക വിസിമാർക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. വിസി നിയമനത്തിനായി ഗവർണർക്ക് വിജ്ഞാപനം ഇറക്കാം. വിസി നിയമനത്തില് രാഷ്ട്രീയം കലർത്തരുതെന്നും സർക്കാറും ഗവർണറും യോജിച്ച് പ്രവർത്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
തർക്കങ്ങളിൽ അനുഭവിക്കുന്നത് വിദ്യാർഥികളാണ്. വിസിമാരില്ലാതെ എങ്ങനെ സർവകലാശാല മുന്നോട്ടു പോകും. വിദ്യാഭ്യാസ വിഷയങ്ങൾ കോടതിയിലെത്തുന്നത് വേദനാജനകമാണ്. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുളള തർക്കത്തിൽ സർവകലാശാലകളുടെ പ്രവർത്തനം സതംഭനാവസ്ഥയിലാകരുതെന്നും സുപ്രീം കോടതി പറഞ്ഞു.
കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താത്കാലിക വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് ചാൻസലറായ ഗവർണർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.
താത്കാലിക വിസിക്ക് കാലാവധി ആറുമാസം മാത്രമെന്ന് കേരളം പറഞ്ഞു. വിസി ഓഫീസ് ഒഴിഞ്ഞ് കിടക്കുവാണോ എന്ന് കോടതി ചോദിച്ചു. വിസി നിയമനത്തിനായി ചാൻസലർ സർക്കാരുമായി കൂടിയാലോചിക്കണമെന്നും കോടതി പറഞ്ഞു.
മുമ്പ് താത്കാലിക വൈസ് ചാൻസലർമാരായിരുന്ന സിസ തോമസിനെയും ശിവപ്രസാദിനെയും വീണ്ടും താത്കാലിക വൈസ് ചാൻസലറായി നിയമിച്ച് ചാൻസലർക്ക് ഉത്തരവിറക്കാമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണ, അഭിഭാഷകൻ ടി.ആർ. വെങ്കിട്ട സുബ്രഹ്മണ്യം എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി എന്നിവരാണ് ഹാജരായത്.